കൊച്ചി: നാവികസേനയ്ക്കുവേണ്ടി തദ്ദേശീയമായി രൂപകല്പന ചെയ്ത ഡൈവിംഗ് സപ്പോര്‍ട്ട് ക്രാഫ്റ്റ് എ 20 ദക്ഷിണ നാവിക ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കമ്മീഷന് ചെയ്തു. ഈ വര്‍ഷം കമ്മീഷന് ചെയ്യുന്ന 11-ാമത്തെ കപ്പലാണ് ഡിഎസ്സി എ 20. ചടങ്ങില്‍ ദക്ഷിണനാവിക കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന മുഖ്യാതിഥിയായിരുന്നു.
ഡിഎസ്സി എ 20 ഉള്‍പ്പെടുത്തിയതിലൂടെ നാവികസേനയുടെ അന്തര്‍വാഹിനി പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, ക്ലിയറന്‍സ് കഴിവുകള്‍ എന്നിവ കൂടുതല്‍ ശക്തിയാര്‍ജിക്കും. ഡിഎസ്സി എ 20ന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്. കമാന്‍ഡര്‍ ഹേമന്ത് സിംഗ് ചൗഹാന് കമ്മീഷനിംഗ് വാറന്റ് വായിച്ചതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.
തുടര്‍ന്ന് ദേശീയഗാനത്തിന്റെ അകമ്പടിയോടെ നാവിക ചിഹ്നം ഉയര്‍ത്തി കപ്പലിലെ ഉദ്യോഗസ്ഥര്‍ അണിനിരന്ന കളര്‍ ഗാര്‍ഡ് ആചാരപരമായ സല്യൂട്ട് നല്കി. ഇതോടൊപ്പം കമ്മീഷനിംഗ് പെനന്റ് ഉയര്‍ത്തി ക്രാഫ്റ്റിനെ നാവികസേവനത്തിലേക്ക് ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. അത്യാധുനിക ഡൈവിംഗ് സംവിധാനങ്ങളുള്ള കപ്പലിന് 387 ടണ്‍ ഭാരമുണ്ട്.